Pages

Sunday 24 July 2011

പുതിയ വേമ്പനാട്ടുകായല്‍ അതോറിറ്റിയുടെ നടത്തിപ്പിന് ജനപങ്കാളിത്തം വേണമെന്ന് ആവശ്യം


കോട്ടയം: പുതുതായി രൂപീകരിക്കുന്ന വേമ്പനാട്ടുകായല്‍ അതോറിറ്റിയുടെ നടത്തിപ്പിന് ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് ഈ വിഷയത്തില്‍ പരിസ്ഥിതി സംഘടനകള്‍ നടത്തിയ സെമിനാര്‍ ആവശ്യപ്പെട്ടു. കേവലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കപ്പുറം കായലിന്റെ സ്വഭാവിക പരിതസ്ഥിതി നിലനിര്‍ത്താനും പരമ്പരാഗത തൊഴില്‍മേഖലകള്‍ സംരക്ഷിക്കാനുമുള്ള പദ്ധതികള്‍ക്കാകണം അതോറിറ്റി മുന്‍ഗണന നല്‍കേണ്ടത്. കുമരകം നേച്ചര്‍ ക്ലബ്, കോട്ടയം നേച്ചര്‍സൊസൈറ്റി, കേരള ജൈവവൈവിധ്യബോര്‍ഡ്, പമ്പ പരിരക്ഷണസമിതി എന്നിവരായിരുന്നു സംഘാടകര്‍ .



കായല്‍ എന്നത് ഒരു വിഭാഗത്തിന്റെയല്ല, തൊഴിലും ജീവിതരീതിയും ജൈവവൈവിധ്യവും അടങ്ങുന്നതാണ്. കുട്ടനാടിന്റെ അധിപര്‍ മുമ്പ് കര്‍ഷകരായിരുന്നെങ്കില്‍ ഇപ്പോള്‍ ടൂറിസവും ഭൂമാഫിയയും നിയന്ത്രിക്കുന്ന സ്ഥിതിയാണ്. അതോറിറ്റിക്ക് ഇക്കാര്യങ്ങള്‍ നിയന്ത്രിക്കാനാകണം. കായല്‍ കൈയേറ്റവും മലിനീകരണവും തടയാന്‍ കഴിയണം. കുട്ടനാട്ടിലെ അശാസ്ത്രീയ കൃഷിരീതികള്‍ മാറ്റി കാര്‍ഷിക കലണ്ടര്‍ പ്രഖ്യാപിക്കുകയും സ്വാമിനാഥന്‍ കമീഷന്റെ കുട്ടനാട് പാക്കേജിലെ വൈരുദ്ധ്യമായ വികസന പദ്ധതികള്‍ ഉപേക്ഷിക്കുകയും വേണം.



കായല്‍തീരം പത്തടി വീതിയില്‍ സംരക്ഷിച്ച് ഇക്കോടോണായി പ്രഖ്യാപിക്കണം. കായലില്‍ പതിക്കുന്ന നദികളെയും സംയോജിപ്പിച്ച് സമഗ്രജലവിഭവ വികസന പദ്ധതിയുണ്ടാക്കണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു. കാട് സംരക്ഷണത്തിന് വനപാലകര്‍ ഉള്ളതുപോലെ തണ്ണീര്‍ത്തടസംരക്ഷണത്തിന് കാവല്‍ സേന വേണമെന്നും തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു. "വേമ്പനാട്ട് കായല്‍ : സംരക്ഷണം, അതോറിറ്റി ഒരു ജനകീയ ചര്‍ച്ച" എന്ന വിഷയത്തില്‍ ഐഎംഎ ഹാളില്‍ നടത്തിയ സെമിനാര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് പീലിയാനിക്കല്‍ അധ്യക്ഷനായി. ഡോ. എന്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കേരള ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍ വി വര്‍മ്മ മോഡറേറ്ററായി.



വിവിധ വിഷയങ്ങളില്‍ ഡോ. കെ ജി പദ്മകുമാര്‍ , ജോജി കൂട്ടുമ്മേല്‍ , പ്രശാന്ത് നാരായണന്‍ , എന്‍ സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. സമാപനസമ്മേളനം അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ് ദിപു, എസ് ജിഷ്ണു എന്നിവര്‍ സംസാരിച്ചു. ഡോ. ബി ശ്രീകുമാര്‍ അധ്യക്ഷനായി. സിബിജോര്‍ജ് സ്വാഗതവും അജയ് നന്ദിയും പറഞ്ഞു.


No comments:

Post a Comment